കൊച്ചി: എറണാകുളം മഹാരാജാസ് കോളജ് വിദ്യാര്‍ഥി അഭിമന്യു കൊല്ലപ്പെട്ട കേസില്‍ പ്രതികള്‍ക്കെതിരെ ഒരു വകുപ്പ് കൂടി ചുമത്തണമെന്ന ആവശ്യമുന്നയിച്ച് പ്രോസിക്യൂഷന്. ഇന്നലെ കേസ് പരിഗണിക്കവേയാണ് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 323ാം വകുപ്പ് കൂടി പ്രതികള്‍ക്കെതിരെ ചുമത്തണമെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ പ്രോസിക്യൂഷന് ആവശ്യപ്പെട്ടത്. തുടര്‍ന്ന് കേസ് കൂടുതല്‍ വാദം കേള്‍ക്കാനായി 28ലേക്ക് മാറ്റി.
ചില പ്രതികള്‍ സാക്ഷികളെ കൈ കൊണ്ട് ഇടിക്കുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തിരുന്നുവെന്നും ഇതു കൂടി കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തണമെന്നുമാണ് പ്രോസിക്യൂഷന്റെ ആവശ്യം. വിചാരണ എന്ന് ആരംഭിക്കുമെന്ന് ഇന്നലെ പ്രഖ്യാപിക്കുമെന്ന് കരുതിയിരിക്കുന്നതിനിടെയാണ് പുതിയ ആവശ്യം പ്രോസിക്യൂഷന് ഉന്നയിച്ചത്. പ്രതികളെ ഈ മാസം ആറിന് കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചിരുന്നു. പ്രോസിക്യൂഷന്റെ ആവശ്യം കോടതി അനുവദിക്കുകയാണെങ്കില്‍ പുതിയ വകുപ്പ് കൂടി ഉള്‍പ്പെടുത്തിയുള്ള പുതുക്കിയ കുറ്റപത്രം വിചാരണ തുടങ്ങുന്നതിന് മുമ്പ് പ്രതികളെ വീണ്ടും വായിച്ചു കേള്പ്പിക്കേണ്ടി വരും.